Monday, March 7, 2011

    
                          തിങ്കളും താരങ്ങളും തൂവെള്ളി കതീര്‍-2


 കഥ വീണ്ടും തുടരുകയാണ് , കഴിഞ്ഞ എന്‍റെ പോസ്റ്റിന്റെ രണ്ടാം ഭാഗം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം .  മുക്കാടുകരയില്‍ നിന്നും പിന്നെ എന്നെ അല്‍-ആസ് -ഹര്‍ ഇംഗ്ലീഷ് സ്കൂളിലേക്ക് പറിച്ചു നടുകയായിരുന്നു , വേണ്ടുവോളം വളവും, ചേരുവകളും ചേര്‍ത്തി തന്നെ  ആയിരുന്നു ആ  പറിച്ചു നടല്‍. ...

അത്ഭുതം എന്ന് വേണെമെങ്കില്‍ പറയാം, അല്ലെങ്കില്‍ അന്ന് എന്റെ ഉമ്മ പടചോനോട്  തേടിയതിനുള്ള  മറുപടി എന്നോണം , ഞാന്‍ ക്ലാസിലെ പഠിക്കുന്ന , അനുസരണയുള്ള ഒരു വിദ്ധ്യാര്‍ത്തി ആയി രൂപാന്തരപെട്ടു .

കാലങ്ങള്‍ കടന്നു പോയി. എന്‍റെ വസ്ത്രത്തിന്‍റെ നീളവും , വീതിയും കൂടി. നാലാം ക്ലാസ്സിലേക്ക് ഞാന്‍ പുനരുദ്ധാരണം ചെയ്യപെട്ടു. ഒരു നാലാം ക്ലാസുകാരന്റെ നീള കുറവും സ്വന്തം കാരണങ്ങളാല്‍ അല്ലാതെ കിട്ടിയ നിറവും മാത്രമായിരുന്നു എനിക്ക് അന്ന് സ്വന്തം.

മലയാളം ക്ലാസ്സ്‌ ഇടുക്കുന്നത് അബുജാക്ഷി ടീച്ചറാണ് . തലയില്‍ ചൂടിയ തുളസിയും, കൃതാവു പോലെ നീണ്ട മുടി ഇരു ചെവികളുടെ അറ്റങ്ങളില്‍ വന്നു വീണു കിടക്കുന്നതും ഒക്കെയാണ് എന്‍റെ ഓര്‍മകളില്‍ വന്നു മറയേണ്ടത്,  പക്ഷെ കയ്യിലെ ചൂരലും, കിട്ടിയ അടിയുടെ ചൂടും ആ ഓര്‍മകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും.

പദ്യം പഠിപ്പിക്കല്‍ ആണ് ടീച്ചറുടെ പ്രധാന ഇനം, അത് മാത്രമല്ല പദ്യം പഠിപിച്ചു കഴിഞ്ഞാല്‍ ആദ്യം അത് കാണാതെ ചോല്ലുന്നവര്‍ക്ക് സമ്മാനം വേറെയും. അതായിരുന്നു അംബുജാക്ഷി ടീച്ചര്‍. നല്ലവണ്ണം തല്ലുന്ന ടീച്ചര്‍ ആയിട്ട് പോലും  കുട്ടികള്‍ക്ക് ഇഷ്ടമായിരുന്ന അംബുജാക്ഷി ടീച്ചറുടെ പ്രത്യേകതയും അതായിരുന്നു.

അന്ന് ഒരു പദ്യമാണ് ക്ലാസ്സില്‍ ഇടുത്തത് , ഇന്നും പതിവ് പോലെ ഇന്ദ്രജിതോ, വര്‍ഷയോ, ആര്‍ക്കാണ് സമ്മാനം എന്നറിയുന്നതിലാണ് കൂട്ടുകാരുടെ ആകാംഷ. ഈണത്തില്‍ ഭാവത്തില്‍ ടീച്ചര്‍ പദ്യം പാടി അര്‍ഥം പറഞ്ഞു തന്നു. ഇനിയാണ് ക്ലാസ്സിലെ ബുജികളുടെ പോരാട്ടം. തലങ്ങും വിലങ്ങും അവര്‍ പദ്യത്തെ കശക്കി ഓടിച്ചു ടീച്ചറുടെ മുന്നില്‍ ചൊല്ലും.  അതില്‍ അക്ഷരങ്ങള്‍ തെറ്റാതെ പതറാതെ പദ്യം ചോല്ലുന്നവര്‍ക്ക് ക്ലാസ്സിലെ കയ്യടിയുടെ അകമ്പടിയോടു കൂടി ഒരു കുഞ്ഞു സമാനം ടീച്ചര്‍ നല്‍കും..

ടീച്ചര്‍ പദ്യം ചൊല്ലി നിര്‍ത്തി എന്തോ ചോദിക്കാനായി ഭാവിച്ചപ്പോഴേക്കും , അവസാന ബെഞ്ചില്‍ നിന്നും ഒരു കുഞ്ഞു കയ്യ് ഞാന്‍ ഉയര്‍ത്തി. വേറെ ഒന്നുമല്ല ഇന്ന് ഞാന്‍ ചൊല്ലാം പദ്യം എന്നായിരുന്നു ആ ചെറിയ അല്ല വലിയ ധൈര്യത്തിന്റെ അര്‍ഥം. ക്ലാസില്‍ ഉയര്‍ന്ന ചിരികളെയും കളിയാക്കലുകളെയും ഞാന്‍ ഒറ്റ ശ്വാസത്തില്‍ ആ പദ്യം ചൊല്ലി തോല്‍പിച്ചു..

നിശബ്തതയുടെ ക്ലാസില്‍ ഞാന്‍ അപ്പോഴും  സീറ്റില്‍ ഇരിക്കാതെ ഒരു വിജയിയെ പോലെ നെഞ്ചും വിരിച്ചു നിന്ന്. സമാനതകള്‍ ഇലാത്ത, മറുപടികളില്ലാത്ത വിജയത്തിനുള്ള എന്‍റെ സമ്മാനമാണ്  ആ നില്‍പ്പിന്‍റെ ലക്‌ഷ്യം എന്നറിഞ്ഞ അംബുജാക്ഷി ടീച്ചര്‍ തന്റെ കോട്ടിന്റെ കീശയില്ലേക്ക് കയ്യിട്ടു . വീണ്ടും വീണ്ടും പരതിയിട്ടും ഒരു കുഞ്ഞു പേനയോ , റബ്ബറോ കയ്യില്‍ കിട്ടിയില്ല ടീച്ചര്‍ക്ക് 

"ഫാരിസ് ഇങ്ങു അടുത്ത് വാ" അത് പറഞ്ഞു കൊണ്ട് ടീച്ചര്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുതിരിക്കുന്നവനെ വകഞ്ഞു മാറ്റി ഞാന്‍ ടീച്ചറുടെ അടുത്തേക്ക് പാഞ്ഞു .സമ്മാനം വേണ്ടേ എന്ന് ചോദിച്ച ടീച്ചര്‍ എന്നോട് അടുത്ത് കുനിഞ്ഞു എന്‍റെ ഒരു കവിളില്‍ ഒരു മുത്തം സമ്മാനിച്ചു . ഒരു നിമിഷം ആകെ നാണം കൊണ്ടോ എന്തോ വല്ലാതെ ഞാന്‍ ചൂളി പോയി. അപ്പോഴും  ക്ലാസ് നിശബ്തമാണ്.. ഒരു സൂജി നിലത്തു വീണാല്‍ കേള്‍കുന്ന നിശബ്തത..

ഒരിക്കലും കിട്ടാത്ത ഒരു സമ്മാനവും, നിറഞ്ഞ ക്ലാസിന്റെ ആരവങ്ങളും ഏറ്റു വാങ്ങി അന്ന് വീടിലേക്ക്‌ തിരിച്ചു പോകുമ്പോള്‍ വീട് വരെ ഞാന്‍ ഓര്‍ത്തു കൊണ്ടിരുന്നത് ഇക്കാനെയും , തങ്കമ്മ ടീച്ചറെയും , എല്‍സി ടീച്ചറെയും,പിന്നെ എന്‍റെ  തിങ്ങളെയും താരങ്ങളേയും  മാത്രമായിരുന്നു .

അന്ന്ഞാന്‍ എന്‍റെ ഇക്കയുടെ ക്ലാസ്സില്‍ ഇരുനില്ലായിരുന്നു എങ്കില്‍ , അന്ന് ഞാന്‍ ആ പദ്യം പഠിച്ചില്ലായിരുന്നു എങ്കില്‍  ഇന്ന് ഈ വലിയ സമ്മാനം എനിക്ക് അന്യം ആവുമായിരുന്നു. ഇന്നും ഞാന്‍ മനസ്സിന്റെ ശോവ്കെസില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് സൂക്ഷിക്കുന്നു , ഇക്കയുടെയും , എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത മൂന്നു ടീച്ചര്‍മാരുടെയും  സ്മരണ എന്നും നില നിര്‍ത്താന്‍.....